നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എല്ലാ ദിവസവും അത്താഴമെത്തിച്ച് കരോട്ടുപാറയ്ക്കൽ ബേബി
നെടുങ്കണ്ടം: അനാവശ്യമായി ചെലവഴിച്ചിരുന്ന തുകകൊണ്ട് ഒരു കിടപ്പുരോഗിക്കെങ്കിലും ഭക്ഷണം നൽകണമെന്ന തീരുമാനത്തിൽനിന്ന് ആരംഭിച്ച സേവനം ഇന്ന് 16-ാം വർഷത്തിലേക്ക്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും എല്ലാ ദിവസവും അത്താഴമൊരുക്കി സ്നേഹത്തിന്റെ മാതൃകയാവുകയാണ് നെടുങ്കണ്ടം സ്വദേശി കരോട്ടുപാറയ്ക്കൽ ബേബി.
വർഷങ്ങൾക്കുമുമ്പ് മദ്യപാനശീലം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ് ആ പണം ഉപയോഗിച്ച് ആശുപത്രിയിലെ ഒരു കിടപ്പുരോഗിക്കെങ്കിലും ഭക്ഷണം നൽകാൻ ബേബി തീരുമാനിച്ചത്. വൈകുന്നേരങ്ങളിൽ ചോറും കറികളുമായി ആശുപത്രിയിലെത്തിയ ബേബിയെ കൂടുതൽ രോഗികൾ തേടിയെത്തിയതോടെ സേവനം വിപുലീകരിച്ചു. പിന്നീട് ആശുപത്രിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും ഭക്ഷണമെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് കിടപ്പുരോഗികൾക്കു പുറമേ കൂട്ടിരിപ്പുകാർക്കും രാത്രിയിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ബേബി അത്താഴമെത്തിക്കുന്നു. ഭാര്യ ഇന്ദിരയും ബേബിക്കൊപ്പം ഭക്ഷണമൊരുക്കുന്നതിലും ആശുപത്രിയിലെത്തിച്ച് വിളമ്പുന്നതിലും സജീവമാണ്.
രോഗികളുടെ എണ്ണം കൂടുതലുള്ള ദിവസങ്ങളിൽ അയൽവാസികളും സഹായത്തിനെത്തും. സ്നേഹത്തിന്റെ അത്താഴം വിളമ്പുന്ന സേവനത്തിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയിൽ നിർവഹിച്ചു. സേനാപതി വേണു എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഡോ. ജെസ ജി. അനിൽ തുടങ്ങിയവരും സന്നഹിതരായിരുന്നു.